2016, നവംബർ 11, വെള്ളിയാഴ്‌ച

പിശാചിൻ്റെ കസേര!



പിശാചിൻ്റെ കസേര!
....................................
അവസാനം
പിശാച്‌ എല്ലാ മുഖംമൂടികളും
വലിച്ചെറിഞ്ഞുകൊണ്ട്
ലോകത്തിൻ്റെ കസേരയിൽ കണ്ണുരുട്ടിക്കൊണ്ട്‌ കയറിയിരുന്നു!

തിന്മയുടെ താക്കോൽ
കൈയിൽ കിടന്നാടുന്നത്
കണ്ടു രസിക്കാൻ
പാകപ്പെട്ട ജനതയുടെ
മുന്നിലാണയാൾ ആടിയത്!

വഴിയിൽ
വെച്ചയാൾ ഉറക്കെ
പാടിയിരുന്നത്
യുദ്ധപ്രണയ ഗാനങ്ങളും
വംശവിരുദ്ധ ഗാനങ്ങളുമാണ്.

നന്മ ചെയ്യുന്നവരേയും
അവരുടെ നന്മകളേയും
ലോകം മുഴുവൻ
കണ്ടിരിക്കുന്നു.

ഇനി ലോകം
കാണാൻ
ബാക്കി നിൽക്കുന്നത്
തിന്മ ചെയ്യുന്നവരേയും
അവരുടെ തിന്മകളേയുമാണ്!

അത്, അതിൻ്റെ
പൂർണതയിലെത്തുമ്പോൾ
ലോകം അവസാനിക്കുന്നതിൻ്റെ
അടയാളം കാണാം!

വെളിച്ചം പരക്കുന്നതിലും
അതിവേഗത്തിലാണ്
ഇരുട്ട് പരക്കുന്നത്!

ഗർഭസ്ഥ ശിശുവിനെ
ശൂലത്തിലേറ്റി
നൃത്തമാടിയവനേയും
അത് ചുട്ടുതിന്നാൻ
കൊതിച്ചാടിയവനേയും
ലോകം കണ്ടു!

ഇന്നിതാ
പൈതങ്ങളുടെ
ഹൃദയരക്തം കൊണ്ട്
കാലു കഴുകാൻ
കൊതിക്കുന്നവനും
ഉയരത്തിലെത്തിയിരിക്കുന്നു!

ഇനിയുള്ള
പുലരികളിൽ
കേൾക്കുന്നത് കീർത്തനങ്ങളും
പ്രാർത്ഥനകളുമായിരിക്കില്ല-

കാതുകളിൽ
ഇടിത്തീ പോലെയെത്തുന്നത്
ഭയാനകമായ
വാർത്തകളായിരിക്കും!
....................................
സുലൈമാൻ പെരുമുക്ക്‌.

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം