2014, ഏപ്രിൽ 28, തിങ്കളാഴ്‌ച

കവിത :കരിന്തണ്ടൻ *


കവിത 
..................
                      കരിന്തണ്ടൻ *
                 -----------------------------

 അവിചാരിതമായി 
കരിന്തണ്ടൻ 
എൻറെ വായനയിലേക്ക് 
കടന്നു വന്നു 

ആവഴികാട്ടിക്കും 
സായിപ്പുമാർ 
അവസാനം 
പതിവു സമ്മാനമായ 
മരണം തന്നെ നല്കി 

അത് ഒരിക്കൽ കൂടി 
വായിച്ചപ്പോൾ എൻറെ 
ബാഹ്യനേത്രങ്ങളും നിറഞ്ഞു 

ആമുഖം 
ഞാൻ കണ്ടിട്ടില്ലെങ്കിലും 
ഒരു നിഷ്ക്കളങ്ക മുഖം 
മനസ്സിൽ തെളിയുന്നു 
കൂട്ടത്തിലൊരു 
ഭീകരമുഖവും 

അതെ അത് 
അവൻറെതാണ് , 
കരിന്തണ്ടനെ കൊന്നവൻറെത്  

എന്നെ എന്തിനാണ് 
കൊല്ലുന്നതെന്നറിയാനാണ് 
ആ ചുണ്ടുൾ 
അവസാനം ചലിച്ചത് 

അതു കേവലം 
ഒരു "ചെണ്ട"യുടെ 
ചോദ്യ മായിരുന്നില്ല 

ആ ജീവനുള്ള ചോദ്യം 
ഒരിക്കലും മരിക്കുകില്ല 
നമ്മളത് കേൾക്കുന്നില്ലെന്നുമാത്രം 

കൊന്നവനു 
ചുംബനം നല്കി 
വെറുതേ വിട്ടു 
കൊല്ലപ്പെട്ടവനെ 
നാം കനത്ത 
ചങ്ങലയിൽ തളച്ചിട്ടു 

ഇന്നു  പിള്ള മനസ്സിൽ  
നാം വരക്കുന്ന
കരിന്തണ്ടൻറെ ചിത്രം 
ഭീകരമാണ് 

ഒരിക്കൽ കൂടി 
ഞാനതു വായിച്ചു 
അപ്പോഴും എൻറെ 
കണ്ണുകൾ നിറഞ്ഞു ....

കട്ടെടുത്തും 
കടമെടുത്തും 
വെട്ടിപ്പിടിച്ചും 
സ്വന്ത മാക്കുന്നവരെ 
ലോകം തിരിച്ചറിയാത്തതെന്തേ ?
----------------------------------
*വയനടാൻ ചുരം കയറാൻ വഴിയറിയാതെ
നിന്ന വെള്ളക്കാർക്ക് വഴി കാട്ടികൊടുത്ത 
ആദിവാസി യുവാവിൻറെ പേര് .
**ചിത്രത്തിൽ കാണുന്നത് ,കരിന്തണ്ടൻറെ 
ആത്മാവിനെ ചങ്ങലയിൽ പൂട്ടിയ രംഗം 
അതാണ്‌ സായിപ്പിൻറെ തന്ത്രം .ജനം സായിപ്പിനെ 
മറന്നു പക്ഷേ കരിന്തണ്ടൻ അപകടക്കാരിയായി 
ഇന്നും നിലനില്ക്കുന്നു .
***ചിത്രം ഗൂഗിളിൽ നിന്ന് .
 


           സുലൈമാന്‍ പെരുമുക്ക്
                      00971553538596
                     sulaimanperumukku@gmail.com  

 


9 അഭിപ്രായങ്ങള്‍:

2014, ഏപ്രിൽ 28 11:30 PM ല്‍, Blogger Pradeep Kumar പറഞ്ഞു...

ലക്കിടിയിലെത്തുമ്പോൾ അറിയാതെ ആ പേരും , കൊടുംചതിയുടെ വെളുത്ത മുഖങ്ങളും ഓർമ്മവരും - നല്ല കവിത

 
2014, ഏപ്രിൽ 28 11:38 PM ല്‍, Blogger ബൈജു മണിയങ്കാല പറഞ്ഞു...

ഇതൊരു നല്ല ഓര്മ പുതുക്കൽ കേട്ടിട്ടേ ഉള്ളൂ ഇത് വരെ കണ്ടിട്ടില്ല വളരെ നന്നായി

 
2014, ഏപ്രിൽ 29 12:21 AM ല്‍, Anonymous mujeeburrahman chokly പറഞ്ഞു...

പറയാൻ വാക്കുകളില്ല, അത്രക്കും മനോഹരമായി പച്ചയായ സത്യങ്ങൾ വരച്ചു വെച്ച നിങ്ങൾക്ക്‌ നന്ദി..

 
2014, ഏപ്രിൽ 29 1:23 AM ല്‍, Blogger Melvin Joseph Mani പറഞ്ഞു...

സത്യങ്ങള മൂടി വെച്ചാലും അതിനു മറനീക്കി പുറത്തു വരാതെ കഴിയില്ലല്ലോ??

ഈ സ്ഥലം ഒന്ന് കാണണം എന്നുണ്ട്... ഇത് വരെ സാധിച്ചിട്ടില്ല

ഒരു ഓർമ്മപെടുത്തലിനു നന്ദി... :)

 
2014, ഏപ്രിൽ 29 8:59 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

ചോദ്യത്തിനുത്തരം കിട്ടി. ഉത്തരം തന്നവനെ തട്ടി. അതിനുത്തരവാദികൾ കിട്ടിയതൊക്കെ കൊണ്ടു പോയി..!!

വളരെ നല്ല കവിത. ഹൃദയസ്പർശിയായി.


ശുഭാശംസകൾ....

 
2014, മേയ് 2 9:40 AM ല്‍, Blogger SHAMSUDHEEN KARINGAPPRA പറഞ്ഞു...

ഇന്ന് ആയിരങ്ങൾ ആ വഴി പോകുമ്പോയും അവൻ അത് കാണുന്നുണ്ടാകും

 
2014, മേയ് 9 6:57 AM ല്‍, Blogger Cv Thankappan പറഞ്ഞു...

കട്ടെടുത്തും
കടമെടുത്തും
വെട്ടിപ്പിടിച്ചും
സ്വന്ത മാക്കുന്നവരെ
ലോകം തിരിച്ചറിയാത്തതെന്തേ ?
അന്നും,ഇന്നും,എന്നും കരിന്തണ്ടന്മാര്‍ക്ക് വിധിച്ചത്......
നന്നായികവിത
ആശംസകള്‍

 
2015, ഓഗസ്റ്റ് 12 11:09 PM ല്‍, Blogger peethankvayanad പറഞ്ഞു...

കരിന്തണ്ടൻ
പീതൻ കെ വയനാട്
--------------------------------
വഴിച്ചുരത്തിലെ* വളവു താണ്ടുമ്പോ-
ളരികിലുണ്ടവൻ വഴി തെളിച്ചവൻ.
കറുത്തവൻ പണ്ടു കരൾ തുടിപ്പോടെ
മലയളന്നേറെ വഴി നടന്നവൻ.
ചിരിച്ചു കുന്നുകൾ ചവിട്ടടികളിൽ
ഞെരിച്ചമർത്തിയോനുരുക്കു നെഞ്ചിലെ,
പിടയും പ്രാണൻറെ പകച്ച കണ്ണുകൾ
തുറിച്ചു ദാഹനീർ കൊതിച്ചു തീർന്നവൻ.
വനങ്ങളിൽ ചുടു നെടുവീർപ്പിട്ടവൻ
മലഞ്ചെരിവുകൾ തിന വിതച്ചവൻ
കനൽ വഴികളിൽ നടന്നു കാടക-
ക്കനവുകൾക്കൊപ്പമെരിഞ്ഞു തീർന്നവൻ.
പെരിയൊരു മരമതിലെ ചങ്ങല
കുടുക്കിലാണവനിടക്കിടെ വണ്ടി,
മറിഞ്ഞ നാൾ മുതൽ തളച്ചിടപ്പെട്ടോ-
നവിടെയിപ്പോഴും തിരി വിളക്കുകൾ,
മുനിഞ്ഞു കത്തുന്നുണ്ടെരിഞ്ഞ കാടിൻറെ
കറുത്ത മാറിടമരച്ചു നീങ്ങിടും,
ശകട വേഗങ്ങൾക്കിടയിൽ യാത്രികർ
പറയുമിപ്പോഴുമവൻറെ കീർത്തനം.
അധികാര ചിഹ്ന വളയപഹരി-
ച്ചതിമോഹം കൊണ്ടന്നവനെയൊറ്റുവാൻ,
പതിയിരുന്നന്തി തിരിയണച്ചവർ
പ്രതികളാണവർ വിരലനക്കങ്ങൾ.
വന നിഗൂഡതയിരുണ്ടിടും രാവിൽ
പുറകിൽ നിന്നൊരാൾ വലിച്ച കാഞ്ചിയാൽ,
മുതുകിലുള്ളാഴം തുളച്ചൊരുണ്ട തൻ
ചതിയുടദ്ധ്യായം പഴങ്കഥയിപ്പോൾ.
കരിന്തണ്ടൻ* കാടിൻ കരി ദൈവങ്ങളെ
കടുന്തുടി കൊട്ടി കരളിലേറ്റിയോൻ.
മരത്തിലും മാനത്തിടിത്തീ കാണ്‍കിലും
മിടിക്കും ഹൃത്തുമായുറഞ്ഞു തുള്ളിയോൻ.
കരിയിലക്കാറ്റിൻ മിടിപ്പു കേട്ടില്ലേ-
യുടഞ്ഞ നെഞ്ചിടിപ്പവൻറെ രോദനം.
നടന്നൊടുക്കിയ വഴി നിറവുകൾ
കരളു പൂത്തതിന്നതിഥി സേവകൾ.
അരണ്ടു കത്തിടും മിഴി വിളക്കുകൾ
മുറിവിൽ നിന്നിറ്റും നിണപ്പൊടിപ്പുക-
ളൊടുക്കത്തെ രാവിലതിഥിയെ നോക്കി
വിടർന്ന ചുണ്ടിലെ, ചിരിയിന്നും ബാക്കി.
അവൻറെ നിശ്വാസ കുറുകലിപ്പൊഴും,
ചെവികൾ രണ്ടിലുമിരമ്പിയാർക്കുന്നു.
അവൻറെ സത്യങ്ങൾ മെതിച്ചു കൂട്ടിയോർ,
കവച്ചു പോയതു കരൾ തുടിപ്പുകൾ.
വയനാടൻ വയൽ പരപ്പിലേക്കുള്ളം,
നിറഞ്ഞു നീങ്ങുമ്പോളിരു പുറങ്ങളിൽ
ഹരിത സാന്ദ്രമാം വനങ്ങളിലവൻ
തിരഞ്ഞതാം മൃത സഞ്ജീവനിയുണ്ടോ...?
പകുത്തു തിന്നുവാൻ ഫലങ്ങൾ മൂലങ്ങൾ
ചികഞ്ഞിരുന്നിടം തിരഞ്ഞു പോയിടം,
വിജനമാണിപ്പോൾ വിളിപ്പുറത്തവൻ
ബധിര ജീവിത കുരുക്കിലല്ലയോ...?
കരിന്തണ്ടൻ കാടു കടഞ്ഞ നേരിൻറെ
വിരി മാറിൽ വീര മൃതി വരിച്ചവൻ.
മൃതിയിലും നമ്മെ വഴി നടത്തുവോൻ,
മരണ വാറണ്ടിൽ ചിരി നിറച്ചവൻ...!!!
-----------------------------------------------------------------

 
2021, നവംബർ 29 3:22 AM ല്‍, Blogger Unknown പറഞ്ഞു...

എത്ര കാലങ്ങളിൽ മൂടിവയ്ക്കാനാവും നേരിനെ?
അജ്ഞതയ്ക്കാണവൻ വഴി തെളിച്ചത്.
വെളുക്കെ ചിരിക്കുന്നവന്റെ സ്വന്തമാണിന്നും ചതികൾ.
കാലത്തിലൂടെ, സമയത്തിലൂടെ
പരിണാമത്തിന്റെയധികാര കസേരകളിലതിന് സ്ഥാനം.
വിയർപ്പുണ്ട് വഴി തെളിക്കുന്നവൻ ഇന്നും ചങ്ങലകളിൽ.
☹️☹️☹️

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം