2016, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

ചിരിയോടു പിരിയാം



ചിരിയോടു പിരിയാം!
<><><><><><><><><><>

വറ്റിക്കൊണ്ടിരിക്കുന്ന
കിണറിലേക്ക്‌
നോക്കിക്കൊണ്ട്‌
വല്ല്യുമ്മ പറഞ്ഞു—

ഒറ്റ വെയിലാണ്‌
തെറിച്ചത്‌,
വെള്ളമെല്ലാം വറ്റിപ്പോയി!

പിന്നെ
മാനത്തേക്കു
നോക്കിക്കൊണ്ട്‌ മന്ത്രിച്ചു,
പടച്ചവനേ മഴക്കാറൊക്കെ
നല്ലവരെ തേടിയാണല്ലേ പോകുന്നത്‌...

വല്ല്യുപ്പ കൂട്ടിച്ചേർത്തു,
ആ ഇവിടെ
മനുഷ്യരിന്ന്‌
ചോര ചിന്താനുള്ള
ചിന്തയില്‍ ഓടുകയല്ലേ?

ദാഹം മൂത്താലവർക്ക്‌
ചോര കുടിക്കുന്നതായിരിക്കും
ഏറെ ഇഷ്ടം!

പിന്നെ
വല്ല്യുപ്പ പറഞ്ഞു,
എന്റെ ചിരിക്കുന്ന
പേശികളെ ഞാന്‍
അറുത്തു കൊന്നു!

കാരണം,
ഷംസുദ്ദീന്‍ മൗലവിയും
ശശികല ടീച്ചറും
വിഷം തുപ്പിക്കൊണ്ടെന്നെ
തുറിച്ചു നോക്കുകയാണ്‌.

എന്റെ പ്രിയപ്പെട്ട
ഷൈന്‍ കല്ലുവിളയോടും
ശ്രീജിത്തിനോടും ചിരിച്ചാല്‍
ഷംസുദ്ദീനോതും
മത വിരുദ്ധനാണെന്ന്‌.

അതേ ചിരികണ്ടാല്‍
ശശികലടീച്ചർ
ചൊല്ലിപ്പഠിപ്പിക്കും
അത്‌ മതംമാറ്റാനുള്ള
ചിരിയാണെന്ന്‌!

അവസാനമായി
വല്ല്യുപ്പ പറഞ്ഞു,
മക്കളേ ചിരിയോടു പിരിയാം!

ഈ അസുര
ജന്മങ്ങളൊരുക്കുന്ന
കനൽ കൂടുകളിൽ കിടന്ന്
ഇനി ജനമെങ്ങനെ ചിരിക്കും?

ഇവരെ
കണ്ടുകൊണ്ടായിരിക്കും
മാനം ചുവക്കുന്നതും
തീമഴ പെയ്യുന്നതും—

പക്ഷേ,
കയ്യുംകെട്ടി
നോക്കി നില്‍ക്കുന്നവരും
അതില്‍ വെന്തുമരിക്കും!

അത്‌
പ്രകൃതിയുടെ
ഏക സിവില്‍കോഡാണ്‌!

~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌



0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം