2016, ജൂൺ 28, ചൊവ്വാഴ്ച

മതം വെച്ചു കളിക്കുന്നവർമതംവെച്ചു കളിക്കുന്നവർ
———————————
മതംവെച്ചു
കളിക്കാന്‍
മിടുക്കുള്ളവരേറെ
ഇന്ന്‌ പഠിച്ചിറങ്ങുന്നുണ്ട്‌

കടിച്ചുകീറാന്‍
കരുത്തുള്ളവർ
കരുക്കളൊരുക്കിയപ്പോള്‍
തിരുമൊഴികളവർ
തുണ്ടമാക്കുന്നതാണ്‌
ജനംകണ്ടത്‌

നരകത്തിലേക്കുള്ള
ഓട്ടമല്‍സരം
സമുദായത്തിന്റെ
തലയില്‍ നടക്കുമ്പോള്‍
സ്വർഗപാതയില്‍ തിരക്കില്ലതെല്ലും

താടിയും
തലപ്പാവും
കട്ടെടുത്തവന്റെ
കൂട്ടപ്രാർത്ഥനയിന്ന്‌
ചൂഷണത്തിന്റെ പുതിയ
വഴിതേടിയാണ്‌

കാരുണ്യത്തിന്റെ
പ്രവാചകനെയിന്ന്‌
കല്ലെറിയാന്‍ മുന്നിലുള്ളത്‌
സമുദായത്തിന്റെ
ചിഹ്നങ്ങളെ ആരാധിക്കുന്നവരാണ്‌

അനുചരന്റെ കൈകളില്‍
ഹൃദയംകൊണ്ട്‌ ചുംബിച്ച പ്രവാചകന്റെ
കാലം കടന്നുപോയി

ഇന്ന്‌
പുരോഹിതർ
കൈകാലുകള്‍
നീട്ടിവെക്കുന്നു, അനുചരർക്ക്‌
ചുംബിച്ചു പുണ്യംനേടാന്‍.

പമ്പരവിഡ്ഡികള്‍
മുന്നിലിരിക്കുമ്പോള്‍
മന്ദബദ്ധിയും പതിയേ
കണ്‍തുറക്കുന്നതു കാണാം

പെണ്ണും
പണവും
ഒഴുകിയെത്തുമ്പോള്‍
പുരോഹിതർ പിന്നെ
ആള്‍ദൈവങ്ങളിലേക്കാണ്‌
എടുത്തുചാടുന്നത്‌

അവരുടെ
അരമനകളിലിന്ന്‌
തപസ്സനുഷ്‌ഠിക്കാന്‍
മുതലാളിയും അധികാരിയും
പറന്നെത്തുന്നത്‌
കൗതുകക്കാഴ്‌ചയല്ല

ചായക്കച്ചവടക്കാരനും
ചെരുപ്പുകുത്തിയും
മീന്‍പിടുത്തക്കാരിയും
മുച്ചീട്ടുകളിക്കാരനും ഇവിടെ
മതംവെച്ചുകളിച്ചു ജയിച്ചു

ആരും ഇവിടെ
പിന്നിലല്ല,ചിലരിവിടെ
അമ്മയും അച്ചനുമായി കളിക്കുന്നു.

വേറെച്ചിലർ
ഗ്രഹനാമങ്ങള്‍
അറബിവല്‍ക്കരിച്ചു
കളിക്കുന്നുവെന്ന തിരുത്തുമാത്രം

കല്ലുവെച്ച
നുണകള്‍ കേട്ട്‌
മാറിനിന്നു
ചിരിക്കുന്നത്‌ ബുദ്ധിയല്ല

ഇരകളുടെ തലയില്‍
ഇടയ്‌ക്കിടെ മന്ത്രീക്കണം,
പിന്നെ അധികാരികളെ
അരമനകളില്‍നിന്ന്‌
ആട്ടിയിറക്കണം.

അതിന്‌
പ്രവാചകരുടെ
പിന്‍മുറക്കാരെവിടെ
അവരെ ലോകം ഇന്ന്‌തേടുന്നു

കാലത്തിനു
കൈകൊട്ടിച്ചിരിക്കാനല്ല
ലോകത്തിനു ഉണർന്നെണീക്കാനാണ്‌.
———————————
സുലൈമാന്‍ പെരുമുക്ക്‌

1 അഭിപ്രായങ്ങള്‍:

2016, ജൂൺ 29 8:19 AM ല്‍, Blogger Cv Thankappan പറഞ്ഞു...

എവിടെയും മുറിവൈദ്യന്മാരാണ് അപകടം.
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം