2016 ജനുവരി 9, ശനിയാഴ്‌ച

കവിത: നെഞ്ചിലെ സ്നേഹം


കവിത
~~~~~

   നെഞ്ചിലെ സ്‌നേഹം
  —————————
ജീവിതത്തിന്റെ
വെള്ളകീറുന്നതിനു മുമ്പ്‌
ഇറങ്ങിപ്പുറപ്പെടാന്‍
വിധിക്കപ്പെട്ടവനാണ്‌

സഹിക്കാനും
പൊറുക്കാനും
പഠിച്ചവന്‍
സ്വർഗം പണിയുന്നുവെന്ന്‌
ആദ്യം പറഞ്ഞുതന്നത്‌
"സാറാമ' ടീച്ചറാണ്‌

കൊട്ടാരത്തിലെ
രാജാവിനേക്കാള്‍
സുമുഖനായി
സ്വപനംകണ്ടുറങ്ങുന്നത്‌
കുടിലിലെ
കൂലിപ്പണിക്കാരനാണെന്ന
സത്യം പഠിപ്പിച്ചത്‌
കമ്മ്യുണിസറ്റുകാരനായ
"ബാലന്‍'മാഷാണ്‌

വിശപ്പാറ്റാന്‍
ചക്കയും മാങ്ങയും
ചോദിക്കാതെയെടുക്കാന്‍
സ്വാതന്ത്യ്രംതന്ന
"കുഞ്ഞഹമ്മദ്‌'മാഷ്‌
മനസ്സിലെന്നും
വലിയ മാഷാണ്‌

ഉച്ചയൂണ്‌,
തിന്നാനറിയാത്ത
കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കി
ഉപ്പുമാവ്‌തിന്നാറുള്ള
"ദേവകി' ടീച്ചറുടെ ഹൃദയം
ലോകസുന്ദരിയാണ്‌

ശമ്പള ദിനങ്ങളില്‍
റേഷനരിയുമായി
പടിവാതിലിലെത്തിയിരുന്ന
മുന്‍ഷി മൂസക്കാൻ്റെ
ഖബറിടത്തിലെ
മൈലാഞ്ചിച്ചെടിക്ക്‌
എന്തൊരുവളർച്ച

പണ്ടൊക്കെ
സേനഹം നെഞ്ചില്‍
പൂത്തുലഞ്ഞു
ഇന്നൊക്കെ സ്‌നേഹം
ചുണ്ടിലൊതുങ്ങുന്നു.
————————————
സുലൈമാന്‍ പെരുമുക്ക്‌

3 അഭിപ്രായങ്ങള്‍:

2016 ജനുവരി 9, 10:36 PM-ന് ല്‍, Blogger aboothi:അബൂതി പറഞ്ഞു...

കൊള്ളാം
ആശംസകളോടെ

 
2016 ജനുവരി 10, 11:14 AM-ന് ല്‍, Blogger ajith പറഞ്ഞു...

എല്ലാവരും ഗുരുക്കന്മാരാണു

 
2016 ജനുവരി 12, 6:42 AM-ന് ല്‍, Blogger Cv Thankappan പറഞ്ഞു...

സ്വര്‍ഗ്ഗം പണിയുന്നവരേക്കാള്‍ കൂടുതലിന്ന്
കൊട്ടാരംപണിയുന്നവരാണ്...
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം