കവിത: പോകയാണു ഞാൻ
കവിത
———
പോകയാണു ഞാന്‍
—————————
പോകയാണു ഞാന്‍
മക്കളേ,ബന്ധുക്കളേ,
പിരിഞ്ഞു
പോകയാണു ഞാന്‍.
പ്രിയതമേ,
സൗഹൃദലോകമേ,
പോകയാണു ഞാന്‍.
വെറുംകയ്യോടെ
വന്നവന്‍ ഞാന്‍
ഇക്കയ്യാല്‍ എന്തൊക്കയോ
വെട്ടപ്പിടിച്ചു ഞാന്‍
ഇന്നു ഞാന്‍
വെറും കയ്യോടെതന്നെ
പോകുന്നിതാ, നോക്കുക
എന്റെ കൈകള്‍ ശൂന്യമാണ്.
ഇത്തിരിനേരം
മുമ്പുഞാന്‍
ബാപ്പയായിരുന്നു
മകനായിരുന്നു
പ്രിയനായിരുന്നു പിന്നെയും
ആരൊക്കയോ ആയിരുന്നു
ഇതാ ഈ
നിമിഷത്തില്‍ ഞാന്‍
മയ്യത്തായിരിക്കുന്നു
ഇനി നേരത്തോടു
നേരമെത്തിയാല്‍
നിങ്ങള്‍ക്കു ഞാന്‍
ഭാരമായിരിക്കും—
അസഹ്യമായിരിക്കും.
മക്കളേ
പോകയാണു ഞാന്‍
ഇരുളാർന്ന ഖബറിലേക്കു
പോകയാണു ഞാന്‍
ആരാരും
തുണയില്ലാത്ത ഖബറിലേക്ക്
എനിക്ക് കൂട്ടായ്
വന്നെത്തുന്നത്
എന്റെ കർമ്മങ്ങള്‍ മാത്രം—
പിന്നെനിങ്ങളുടെ പ്രാർത്ഥന.
മക്കളേ
നിങ്ങള്‍ക്കു
നേരമുണ്ടാകുമൊ
ഇത്തിരി നേരം
എന്നെ ഓർക്കാന്‍?
ഉറക്കവും
കറക്കവും കളിയും
കഴിഞ്ഞാല്‍ പിന്നെ
എവിടെയാണു നേരം?
ഓർക്കുക
മക്കളേ ഓർക്കുക
ഒരുനാള്‍ നിങ്ങളും
ഇതുവഴി വരുവാന്‍
വിധിക്കപ്പെട്ടവരാണ്.
——————————
സുലൈമാന്‍ പെരുമുക്ക്
5 അഭിപ്രായങ്ങള്‍:
മനോഹരമായ കവിത. ആ ഒരു ഘട്ടത്തെക്കുറിച്ച് നാമാരും അധികം ചിന്തിക്കാറില്ല.അഭിവാദ്യങ്ങൾ.
ഇന്നു ഞാൻ
നാളെ നീ
വിതച്ചതേ കൊയ്യാന്‍ പറ്റൂ ..അങ്ങോട്ട് കൊടുത്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും തിര്യെ കിട്ടും. മരണം കൂടെയുണ്ടെന്ന തോന്നല്‍ എല്ലായ്പ്പോയും ഉള്ളത് നല്ലതാ.അപ്പോഴേ നല്ല വിത്തുകള്‍ വിതക്കാന്‍ കഴിയൂ
വായനക്കും അഭിപ്രായത്തിനും
പ്രോത്സാഹനത്തിനും നന്ദി സഹൃദയരെ നന്ദി ...(ജോസ്, അജിത്തേട്ടൻ, നീർ കുന്നം...)
ഓര്‍മ്മയുണ്ടായിരിക്കണം; ജീവിച്ചിരിക്കുമ്പോഴാണെങ്കിലും...
നല്ല കവിത
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം