2016, നവംബർ 25, വെള്ളിയാഴ്‌ച

നൊമ്പരം!!!


    നൊമ്പരം!!!
 <><><><><><>
ഇഷ്ടം*
~~~~
പാതി
രാവുകളില്‍
അറബിയിലൊഴുകുന്ന
അപശബ്ദങ്ങളെക്കാള്‍,
പ്രഭാതത്തിലെ സംസ്‌കൃത
കീർത്തനങ്ങളെക്കാള്‍, എനിക്കിഷ്ടം
പുലരിയിലുണരുന്ന
കിളികളുടെ കളകൂജനമാണ്‌.

ശാപം
~~~~~
ആത്മീയതയുടെയും
ഭൗതീകതയുടെയും
അറിവുകളിവിടെ
വില്‍പനയ്‌ക്കു വെച്ചിരിക്കുന്നു!

അത്‌,
അന്ധമായി
തലയിലേറ്റി
നടക്കുന്നവരാണിന്ന്‌
സമൂഹത്തിന്റെ ശാപം!

സുഗന്ധം?
~~~~~~~~
ദേവാലയങ്ങളിലൊക്കെ
ദിനംപ്രതി
തിരക്കേറുന്നു!

എന്നിട്ടും
തെരുവിലൊരു സുഗന്ധവും
പരക്കുന്നില്ല!

കൊടികള്‍!!
~~~~~~~~
കൊടികളേറെ
പാറിപ്പറക്കുന്നുണ്ട്‌,
മുക്കുമൂലകളിലൊക്കെ!!

പക്ഷേ,
നാള്‍ക്കുനാള്‍
തെറിച്ചുവീഴുന്ന
രക്തത്തുള്ളികള്‍, അവയിലെ
ചിഹ്നങ്ങളെ തിരുത്തിയിരിക്കുന്നു!!

സൂര്യമൊഴി!!!
~~~~~~~~~~
സൂര്യനുണർന്നു
വരുമ്പോള്‍
വിളിച്ചു പറയുന്നത്‌,
വിധവകളായ
യുവതികളുടെയും ആശ്രയമറ്റ
അച്ഛനമ്മമാരുടെയും
പിതാവില്ലാത്ത പിഞ്ചു
കുഞ്ഞുങ്ങളുടെയും നീണ്ട
കണക്കുകളാണ്‌!!!

ശരി?
~~~~
ഞാന്‍
മാത്രമാണ്‌ ശരിയെന്ന്‌
ഓതുന്ന ലോകത്ത്‌,
പൂക്കളൊന്നും വിരിയുകില്ല!!
~~~~~~~~~~~~~~~~~~~~
*നല്ലനേരത്തുള്ള മനസ്സിലാവുന്ന
ഭാഷയിലെ ഉല്‍ബോധനമാണ്‌
ഫലം ചെയ്യുക.
———————————
  സുലൈമാന്‍ പെരുമുക്ക്‌
0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം